AHBAB

അഹ്ബാബ് ബ്രോഷർ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു


പരലോക ജീവിത വിജയത്തിലേക്കുള്ള വഴിവിളക്കാണ് ഫത്ഹുല്‍ ഫത്താഹ്. ഈ മഹത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷത്തില്‍ 2000 രൂപ നല്‍കി അംഗമാകുന്ന പദ്ധതിയാണ് അഹ്ബാബ്. ഈ പദ്ധതിയില്‍ അംഗമാവുന്നതോടെ നിങ്ങളും നിങ്ങളുടെ കുടുംബവും ഫത്ഹുല്‍ ഫത്താഹിന്റെ വളര്‍ച്ചയില്‍ പങ്കാളികളാവുകയാണ്.അഹ്ബാബില്‍ അംഗമാവുക

ആത്മീയ ജീവിതത്തിന്റെ നിര്‍മ്മല മാതൃകയും സ്‌നേഹ സൗമ്യതകളുടെ കുളിരേകുന്ന സാന്നിധ്യവും ആയിരുന്നു ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്. ആത്മീയതയെ സാമൂഹ്യ സേവനത്തോടും വിദ്യാഭ്യാസ മുന്നേറ്റങ്ങളോടും കോര്‍ത്തിണക്കി, സമുദായത്തിന്റെ അദ്ധ്യാത്മിക സംസ്‌കരണത്തോടൊപ്പം സാമൂഹിക സമുദ്ധാരണവും സാധ്യമാക്കുന്ന അതുല്യ മാതൃകയാണ് ഉസ്താദ് നമുക്ക് സമ്മാനിച്ചത്.
തിരു സുന്നത്തുകളെ ജീവിതത്തോട് ചേര്‍ത്തുവെച്ച് ആ വിശുദ്ധിയെ സമൂഹത്തിലേക്ക് പ്രസരിപ്പിച്ച ഉസ്താദ്, ഇസ്ലാമിന്റെ അധ്യാത്മികവും സാമൂഹികവുമായ ഇടപെടലുകളെ തുല്യപ്രാധാന്യത്തോടെയാണ് വീക്ഷിച്ചത്. ജീവിതത്തിലുടനീളം ഉസ്താദ് പിന്തുടര്‍ന്ന ഈ നിലപാടുകളാണ് കേരളത്തിനകത്തും പുറത്തും നിരവധി സ്ഥാപനങ്ങളായി പിറവിയെടുത്തത്. ഈ മഹത്തായ ജീവിത മാതൃകകളെയും ആശയങ്ങളെയും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കാനും അവയെ അനശ്വരമാക്കാനും ഒരു കേന്ദ്രം എന്ന നിലക്കാണ് പ്രിയപ്പെട്ട ഉസ്താദ് ഫത്ഹുല്‍ ഫത്താഹ് സ്ഥാപിക്കുന്നത്. ഉസ്താദിന്റെയും സഹയാത്രികരുടയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് വളരെ ചുരുങ്ങിയ കാലം കൊണ്ട് ഫത്ഹുല്‍ ഫത്താഹ് സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി സമൂഹത്തിന് സമര്‍പ്പിക്കാനായത്.
ആ മഹാമനീഷിയുടെ തേജസ്സാര്‍ന്ന കാല്‍പ്പാടുകള്‍ അതേപടി പിന്തുടര്‍ന്ന്, അവിടുത്തെ ആശയങ്ങളുടെയും ലക്ഷ്യങ്ങളുടെയും സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കുകയാണ് ഉസ്താദിന്റെ പുത്രന്മാരും സഹയാത്രികരുമടങ്ങുന്ന ഫത്ഹുല്‍ ഫത്താഹ് മാനേജ്‌മെന്റ് കമ്മിറ്റി. സാമൂഹ്യ സേവന രംഗത്തും ആത്മീയ സംസ്‌കരണ മേഖലയിലും നിരവധി പദ്ധതികളാണ് കമ്മിറ്റിക്ക് മുന്നിലുള്ളത്.
ഫത്ഹുല്‍ ഫത്താഹിന്റ നിസ്തുലമായ വളര്‍ച്ചയില്‍ ഓരോ സാധാരണക്കാരനും തന്റെ ഭാഗധേയം നിര്‍വ്വഹിക്കാന്‍ ഉതകുന്ന ഒരു പദ്ധതിയാണ് അഹ്ബാബ്. സ്ഥാപനത്തിന്റെ സഹകാരികളായ സുമനസ്സുകളുടെയും ഉസ്താദിനെ അതിരറ്റം സ്‌നേഹിക്കുന്ന മുഹിബ്ബീങ്ങളുടെയും കൂട്ടായ്മയാണിത്. വര്‍ഷത്തില്‍ 2000 രൂപ സംഭാവനയായി നല്‍കി ഈ മഹത് സംവിധാനത്തിന്റെ കൂടെ ചേര്‍ന്ന് നില്‍ക്കുന്ന, ഇതിലേക്ക് വിഭവ സമാഹാരം നടത്തുന്ന ഒരു സംഘമാണ് അഹ്ബാബ്.
ആകാശത്തേക്ക് തന്റെ ചൂണ്ടുവിരല്‍ ഉയര്‍ത്തി ശൈഖുനാ പലപ്പോഴും ഈ തിരുവചനം നമ്മെ ഓര്‍മിപ്പിക്കുമായിരുന്നു.

اَيْنَ الْمُتَحٰابُّونَ فِيَّ
(എന്നിലായി പ്രണയിക്കുന്നവര്‍ എവിടെ?)
മഹബ്ബത്തിന്റെ വ്യത്യസ്ത തലങ്ങള്‍ നമുക്ക് സുപരിചിതമാണ്. പ്രതിഫലമര്‍ഹിക്കുന്ന മഹബ്ബത്ത് പലതുണ്ടെങ്കിലും പടച്ചവന്‍ പരലോകത്ത് വിളിച്ചു ചോദിച്ചു ഒരുമിച്ചുകൂട്ടി സന്തോഷം പറയുന്ന മഹബ്ബത്താണ് ഉസ്താദ് നമ്മെ ത്വര്യപ്പെടുത്തിയ ഇലാഹീ പ്രണയം. ശൈഖുനാ പറയുമായിരുന്നു കാശിനോ ഭക്ഷണത്തിനോ വേണ്ടിയല്ല നാമിവിടെ ഒരുമിച്ചു കൂടിയത്. ലില്ലാഹിക്ക് വേണ്ടിയാണ്, ലില്ലാഹിക്ക് വേണ്ടി നില കൊണ്ടാല്‍ പിന്നീട് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല. നമ്മുടെ കൂടലും പിരിയലും ലില്ലാഹിക്ക് വേണ്ടിയാവണം. പള്ളികള്‍, മദ്രസകള്‍ മറ്റു ദീനീകാര്യങ്ങള്‍ ഇവയിലെല്ലാം നല്ല ശ്രദ്ധ വേണം. അതിനെല്ലാം നാം ഒറ്റക്കെട്ടായി ഒരുമിച്ച് നില്‍ക്കണം. അവസാനം ആഖിബത്ത് നന്നായി ഈമാനോടെ സ്വര്‍ഗം കണ്ട് മരിക്കണം.
അല്ലാഹുവിനു വേണ്ടി ഒരുമിച്ചു കൂടുന്നവരെയും ദീനിന്റെ നന്മക്കായി കൈകോര്‍ക്കുന്നവരെയും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെയും ശൈഖുനാക്ക് വളരെ ഇഷ്ടമായിരുന്നു. ശൈഖുനായുടെ അവസാന ശ്വാസം വരെയും നമുക്കത് കാണിച്ചു തന്നു,നമ്മുടെ കൂടെ നിന്നു, മുന്നില്‍ നടന്നു, കൂടെയുള്ളവരെ പ്രോത്സാഹിപ്പിച്ചു, അവരെ ബഹുമാനിച്ചു, അവരുടെ ഇരുലോക വിജയത്തിനായി ഇരുകരമുയര്‍ത്തി നിറകണ്ണുകളോടെ മനമുരുകി റബ്ബിനോട് പ്രാര്‍ത്ഥിച്ചു. അവരെ ഹൃദയത്തോട് ചേര്‍ത്തുവെച്ചു. സഹായിക്കാന്‍ കഴിയാത്തവരോട് പ്രാര്‍ത്ഥന കൊണ്ട് കൂടെ നില്‍ക്കാന്‍ പഠിപ്പിച്ചു.
ആ ഹുബ്ബിലായി നമുക്കും തീരമണയണം.ശൈഖുനായുടെ അഹ്ബാബില്‍ നാം ഒരംഗമായി മാറണം, നമ്മുടെ ഭാര്യ, മക്കള്‍, കൂടെപ്പിറപ്പുകള്‍, കൂട്ടുകാര്‍ എല്ലാവരെയും കൂടെ നിര്‍ത്തണം. പിടിവിടാതെ ഉസ്താദിനോടൊപ്പം മറ്റുമഹാന്‍മാരോടൊപ്പം സ്വര്‍ഗത്തില്‍ ചേരണം. അല്ലാഹു തൗഫീഖ് ചെയ്യട്ടെ.
വര്‍ഷത്തില്‍ 2000 രൂപ നല്‍കി ഈ സദുധ്യമത്തില്‍ കഴിയുന്നവരൊക്കെ പങ്കാളിയാവുക.പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ കൂടെയുണ്ടാവും. ഇന്‍ഷാഅല്ലാഹ്.