മറഞ്ഞത് മഹാനായ ഗുരു…
അത്തിപ്പറ്റ ഉസ്താദ് എന്ന മഹാവെളിച്ചം അണഞ്ഞു. ആധ്യാത്മികത കച്ചവടവത്കരിക്കപ്പെട്ട ഇക്കാലത്ത് ഋജുവായ ഇസ്‌ലാമിക ജീവിതമാണ് ശരിയായ ആത്മീയതയുടെ വഴിയെന്ന് അദ്ദേഹം ജീവിതംകൊണ്ട് തെളിയിച്ചു. പ്രകടനപരതയോ ഔദ്ധത്യമോ ആ വലിയ മനുഷ്യനെ തൊട്ടുതീണ്ടിയിരുന്നില്ല. അറബി മഹാകവി മുതനബ്ബി പറഞ്ഞതുപോലെ ‘വിനയത്താൽ സമീപസ്ഥനും ഔന്നത്യത്താൽ അപ്രാപ്യനു’ മായിരുന്നു അദ്ദേഹം.
ആധ്യാത്മിക ജീവിതം ദുഷ്കരമാണെന്ന് വരുത്തിത്തീർക്കുന്ന പ്രഖ്യാപിത ഗുരുക്കന്മാർക്കിടയിൽ ആ ജീവിതം ലളിതവും ഹൃദ്യവും സുന്ദരവുമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. നീണ്ട ധ്യാനങ്ങളില്ല, തീരാത്ത ജപങ്ങളില്ല, മടുപ്പിക്കുന്ന പ്രാർഥനകളില്ല. പകരം വിനയവും ലാളിത്യവും സൗഹൃദവും വിശാലമനസ്കതയും അദ്ദേഹം പുലർത്തി. കാര്യ-കാരണ ബന്ധങ്ങളെയും ആധുനികതയെയും അംഗീകരിച്ചു.
വിദ്യാഭ്യാസമായിരുന്നു ഗുരുവിന്റെ ഇഷ്ടകാര്യം. സ്ത്രീവിദ്യാഭ്യാസത്തിനു വേണ്ടി അദ്ദേഹം അടുത്തകാലത്ത് ആവേശത്തിൽ സംസാരിച്ചുകൊണ്ടിരുന്നു. സ്വന്തം സ്ഥാപനമായ ഗ്രേസ്‌വാലിയിൽ വനിതകൾക്കുള്ള ‘വഫിയ്യ’ വാഫീ സമന്വയ കോഴ്‌സുകൾ നടത്തി. അൽ ഐനിൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന ദാറുൽ ഹുദാ സ്കൂൾ സ്ഥാപിച്ചു നടത്തി. അത്തിപ്പറ്റയിൽ വീടിന്നടുത്ത് ഫത്ഹുൽ ഫത്താഹ് ജ്ഞാനകേന്ദ്രം സ്ഥാപിച്ചു. എല്ലാം വിദ്യയുടെ വേറിട്ട വഴികളായിരുന്നു. മതവിദ്യാഭ്യാസരംഗത്ത് പുതുവഴികൾ നടപ്പാക്കാൻ അദ്ദേഹത്തിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. വാഫി, വഫിയ്യ അധ്യാപക ശില്പശാലയിൽ അതിനദ്ദേഹം നിരന്തരം ആഹ്വാനം ചെയ്യാറുണ്ടായിരുന്നു. പ്രകടനപരമായിരുന്നില്ല ഗുരുവിന്റെ ആത്മീയത. വെളിച്ചങ്ങളിൽ നിന്നദ്ദേഹം കഴിയുന്നത്ര വിട്ടുനിന്നു. പ്രസംഗിക്കാനും പരസ്യപ്രാർഥനകൾക്കും അദ്ദേഹത്തെ വളരെ കുറച്ചേ കിട്ടുമായിരുന്നുള്ളൂ.
അനുഗ്രഹലബ്ധിക്ക് കൈ ചുംബിക്കുന്നവരുടെ കൈ അദ്ദേഹം തിരിച്ചും ചുംബിക്കുമായിരുന്നു. കുറച്ചു മാത്രം സംസാരിച്ചു. പക്ഷേ, ആ ജീവിതം വാചാലമായിരുന്നു. യു.എ.ഇ.യിൽ ദീർഘകാലം ജോലിചെയ്തു. അക്കാലത്ത് കേരളീയരെപ്പോലെ അറബികളും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. പണമുണ്ടാക്കാമായിരുന്നു, പക്ഷേ, അദ്ദേഹം കിട്ടുന്നതൊക്കെ ദാനം ചെയ്തുകൊണ്ടിരുന്നു.
കഷ്ടപ്പാടുകൾ കേട്ടാൽ അദ്ദേഹത്തിന് പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല. എല്ലാതരം തരംതിരിവുകൾക്കും അതീതനായിരുന്നു ഗുരു. എല്ലാ ജാതിയിലും മതത്തിലും പെട്ടവർ അദ്ദേഹത്തിന്റെ അനുഗ്രഹം തേടി വരുമായിരുന്നു. യാഥാസ്ഥിതിക രീതികളെ തിരസ്കരിക്കുന്ന ഉത്പതിഷ്ണുക്കൾപോലും അദ്ദേഹത്തെ ഇഷ്ടപ്പെട്ടു. ഉപദേശങ്ങൾ സ്വീകരിച്ചു. അത്തിപ്പറ്റ ഉസ്താദ് പ്രതിനിധാനം ചെയ്യുന്നതാണ് ഇസ്‌ലാമിന്റെ ആത്മീയമാർഗം.